Monday, October 1, 2012

കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത് ജിദ്ദാ കമ്മിറ്റികള്‍ നിലവില്‍ വന്നു

കെ.എം.സി.സി കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത് - ജിദ്ദാ കമ്മിറ്റികള്‍ നിലവില്‍ വന്നു. കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് കോട്ടകളായി  അറിയപ്പെടുന്ന കൊടുവള്ളി, കിഴക്കോത്ത്  പഞ്ചായത്തുകളില്‍ നിന്നുള്ള ജിദ്ദയിലെ കെ.എം.സി.സി പ്രവര്‍ത്തക കണ്‍വെന്‍ഷന്‍  യുവജന പങ്കാളിത്തം കൊണ്ടും പഠനാര്‍ഹമായ  ചര്‍ച്ചകള്‍ കൊണ്ടും ശ്രദ്ധേയമായി. കൊടുവള്ളി  മണ്ഡലം, കോഴിക്കോട് ജില്ലാ കെ.എം.സി.സി കമ്മിറ്റി ഭാരവാഹികളുടെയും  സൌദി നേഷനല്‍ കമ്മിറ്റി സാരഥികളുടെയും നെത്ര് ത്വത്തില്‍ ജിദ്ദ ഷറഫിയ ഹില്‍ ടോപ്‌  ഓഡി റ്റോറിയത്തില്‍ നടന്ന യോഗത്തില്‍  പി.ടി.മുഹമ്മദ്‌ സാഹിബ്,  അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന്  എന്നിവര്‍ തെരഞ്ഞെടുപ്പ്  നിയന്ത്രിച്ചു . എം.എസ.എഫ്., യൂത്ത് ലീഗ്, മുസ്ലിം ലീഗ് പ്രവര്‍ത്തനങ്ങളില്‍ സജീവ  രംഗത്തുണ്ടായിരുന്ന പരിചിതരും അപരിചിതരുമായ സ്വന്തം നാട്ടുകാരില്‍ പലരും കെ.എം.സി.സി യുടെ തണലില്‍ ഒന്നിച്ചു ചേര്‍ന്നപ്പോള്‍ അതൊരു അവിസ്മരണീയ സംഗമം കൂടിയായി.

കൊടുവള്ളി മണ്ഡലം സി.എച്ച് സെന്റര്‍ ഫണ്ട് കൈമാറി


സി.എച്ച് സെന്റര്‍ ഫണ്ടിലേക്ക് കൊടുവള്ളി മണ്ഡലം കെ.എം.സി.സി ജിദ്ദാ കമ്മിറ്റി സംഭരിച്ച  തുക, മണ്ഡലം കമ്മിറ്റി ട്രഷറര്‍ സുലൈമാന്‍ വാവാട്  കോഴിക്കോട് ജില്ലാ   കെ.എം .സി.സി സെക്രട്ടറി അബ്ദുറഹിമാന്‍ വെള്ളിമാട് കുന്ന്‍ നു  കൈമാറുന്നു. 

Friday, September 28, 2012

സി.എഛ് -ചരിത്രത്തിലെ വിസ്മയം

ജിദ്ദ:
        അക്ഷരങ്ങളില്‍ അറിവിന്റെ വെളിച്ചവും ആലോചനകളില്‍ സാമൂഹ്യ പരിഷ്കരണത്തിന്റെ അമൃതും  പകര്‍ന്നു മുസ്ലിം കൈരളിക്കു ദിശാ ബോധം നല്‍കിയ പ്രതിഭാ ശാലിയായ  മര്‍ഹൂം സി.എഛ് മുഹമ്മദ്‌ കോയ സാഹിബ് ചരിത്രത്തിലെ വിസ്മയ പുരുഷനായിരുന്നുവെന്നു  അബൂബകര്‍ അരിമ്പ്ര പറഞ്ഞു. കൊടുവള്ളി, കിഴക്കോത്ത് പഞ്ചായത്ത്‌ കെ.എം.സി.സി സംയുക്ത കണ്‍വെന്‍ഷനില്‍  സി.എഛ് അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു   അദ്ദേഹം. ന്യൂന പക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഭരണ സിരാ കേന്ദ്രങ്ങളില്‍ ഇട പെടുമ്പോള്‍ തന്നെ പൊതു സമൂഹത്തില്‍ അതിനു അംഗീകാരം നേടിയെടുക്കാനും സി.എച്ചിന് സാധ്യമായത് വൈകാരിക പ്രകടനങ്ങളെ മറി കടക്കാനുള്ള ദാര്‍ശനിക പ്രതിഭ കൊണ്ടായിരുന്നു. മുസ്ലിം വിദ്യാര്‍ഥിനികള്‍ക്ക് സര്‍ക്കാര്‍ സ്കോളര്‍ ഷിപ്പ് അനുവദിക്കാന്‍ എടുത്ത തീരുമാനം ഉദാഹരിച്ചു കൊണ്ട് അദ്ദേഹം വിശദമാക്കി. വ്യക്തി ജീവിതത്തിലും സാമൂഹ്യ രംഗത്തും വിനയവും ലാളിത്യവും  കാത്തു സൂക്ഷിച്ച സി.എഛ്, സമുദായത്തിന്റെ അര്‍ഹമായ അവകാശങ്ങള്‍ക്ക് വേണ്ടി കര്‍ക്കശ നിലപാട് സ്വീകരിച്ചപ്പോള്‍, അര്‍ഹതക്കുള്ള അംഗീകാരമായി അധികാര കേന്ദ്രങ്ങള്‍ ആ സ്വരം വിലയിരുത്തി.
        ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും സേവന രംഗത്തും പ്രവാസ ലോകത്തെ പൊതു പ്രവര്‍ത്തകര്‍ക്ക് മാതൃക യാണ്  കെ.എം.സി.സി എന്നും, മുസ്ലിം ലീഗിന്റെ നേതൃത്വം  സമുദായത്തിന് ആത്മ വിശ്വാസം പകരുന്ന പോലെ, പ്രവാസി സമൂഹത്തിനു സമാശ്വാസത്തിന്റെ കരുത്തു പകരാന്‍  കര്‍മ രംഗത്ത്  സമര്‍പ്പണ സന്നദ്ധതയുമായി  കെ.എം.സി.സി മണ്ഡലം, പഞ്ചായത്ത് കമ്മിറ്റി പ്രവര്‍ത്തകര്‍ സാധാരണക്കാരിലേക്ക് ഈ മഹിത സന്ദേശം എത്തിക്കണമെന്ന്  കെ.എം.സി.സി നാഷണല്‍ കമ്മിറ്റി ഉപാധ്യക്ഷന്‍ പി.ടി. മുഹമ്മദ്‌ സാഹിബ് പറഞ്ഞു.       
കെ.എം.സി.സി കൊടുവള്ളി  മണ്ഡലം ജിദ്ദ കമ്മിറ്റി പ്രസിഡന്റ്‌ ലത്തീഫ് കളരാന്തിരിയുടെ അധ്യക്ഷതയില്‍ ഷറഫിയ ഹില്‍ ടോപ്‌ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന സമ്മേളനം ഉസ്മാന്‍ എടത്തില്‍ ഉദ്ഘാടനം ചെയ്തു .
കെ.എം സി.സി. കൊടുവള്ളി മണ്ഡലം ജനറല്‍ കമ്മിറ്റി സെക്രട്ടറി ഒ.പി സലാം, ട്രഷറര്‍ സുലൈമാന്‍ വാവാട് , കോഴിക്കോട് ജില്ലാ സെക്രട്ടറി അബ്ദുറഹിമാന്‍ വെള്ളിമാടുകുന്ന്, തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി പി.പി മുനീര്‍ നെല്ലാങ്കണ്ടി സ്വാഗതമാശംസിച്ചു.

Thursday, September 27, 2012

കര്‍മ്മ വീഥിയില്‍

       1948  മാര്ച്ച്   10 നു  മദിരാശിയിലെ രാജാജി ഹാളിൽ  നടന്ന സമ്മേളനത്തിൽ ഇന്ത്യന്‍ യുനിയന്‍  മുസ്ലീം ലീഗ് സ്ഥാപിതമായി. വൈദേശികാധിപത്യത്തിന്റെ കറുത്ത നൂറ്റാണ്ടുകളില്‍ രാജ്യത്തിന്റെ നന്മയും സ്വാതന്ത്ര്യവും സ്വപ്നം കണ്ട മുന്ഗാമികള്‍ക്ക് വിഭജനത്തിന്റെ തിക്താനുഭവം നല്‍കി കൊണ്ടാണ് ഇന്ത്യന്‍ സ്വാതന്ത്ര്യം സഫലമായത്. സ്വതന്ത്ര മതേതര ഭാരതത്തിലെ ന്യൂന പക്ഷ വിഭാഗങ്ങളില്‍ സ്വാഭാവികമായും ഉടലെടുത്ത ആശങ്കകള്‍ക്ക് അറുതി വരുത്താനും രാജ്യത്തിന്റെ അഘണ്ടതയും സമാധാനവും കാത്ത് സൂക്ഷിച്ചു കൊണ്ട്  സര്‍വതോന്മുഖമായ പുരോഗതി ലക്ഷ്യമാക്കി മത ന്യൂന പക്ഷങ്ങളുടെ സുരക്ഷിതത്വം ഉറപ്പു വരുത്താനും നടത്തിയ  ദീര്‍ഘ വീക്ഷണ പരമായ ഒരു കാല വെയ്പായിരുന്നു  ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗ് എന്ന ആശയം. ഹരിത പതാകയുടെ സ്ഥാപിത ലക്ഷ്യത്തില്‍ സംശയാലുക്കളായ ദോഷൈക ദൃക്കുകള്‍ക്കൊക്കെ, രാജ്യ സ്നേഹത്തിന്റെ ജീവിക്കുന്ന അടയാളങ്ങളായി മാറിയ  ഒരു സമര്‍പ്പിത സമൂഹത്തിന്റെ മറുപടിയാണ് പിന്നീടുള്ള ഇന്ത്യന്‍ യുനിയന്‍ മുസ്ലിം ലീഗിന്റെ ചരിത്രം. 

Sunday, September 16, 2012

സുവര്‍ണ്ണ നഗരി.

        കോഴിക്കോട് നഗരത്തില്‍ നിന്നും ഇരുപത്തി മൂന്നു കിലോമീറ്റര്‍. ദേശീയ പാത ഇരുന്നൂറ്റി പന്ത്രണ്ട് ഊട്ടി മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ പൂനൂര്‍ പുഴയുടെ തീരത്ത് പ്രക്രതി രമണീയമായ പ്രദേശം. സ്വാതന്ത്ര്യ  സമരത്തിന്റെ വീര ഗാഥകള്‍ക്കൊപ്പം,  ശഹീദ് ടിപ്പു സുല്‍ത്താന്‍ കടന്നു പോയ രാജ വീഥിയില്‍ അന്നത്തെ ആ കുളമ്പടി ശബ്ദം ഓര്‍മയില്‍ സൂക്ഷിക്കുന്ന,   മലബാറിന്റെ മഹത് സംസ്കൃതിക്കൊപ്പം കനക ശോഭയില്‍ തിളങ്ങുന്ന  സുവര്‍ണ്ണ നഗരി. കൊടുവള്ളി ക്ക് ധാരാളം ഉണ്ട് വിശേഷണങ്ങള്‍. ... തെല്ലൊരഹങ്കാരത്തോടെ കൊടുവള്ളിക്കാര്‍ ഇന്നും പറയും. കേരളത്തില്‍ എവിടെ യൊക്കെ തെരഞ്ഞാലും കാണാത്ത ചില നന്മകള്‍ കാത്തു സൂക്ഷിക്കുന്ന നാടാണ് ഇത്. വര്‍ഗ്ഗീയ വിധ്വംസക ശക്തികള്‍ക്കോ കമ്യുണിസ്റ്റ് കാര്‍ക്കോ വളക്കൂറുള്ള മണ്ണല്ല  കൊടുവള്ളി. അത് കൊണ്ട് തന്നെ മുസ്ലിം ലീഗിന്റെ ഈ ഉരുക്ക് കോട്ട നന്മയുടെ ചിഹ്നമായി തല ഉയര്‍ത്തി നില്‍ക്കുന്നു.. 
        ഏറ്റവും ഒടുവിലെ പുന ക്രമീകരണത്തില്‍  കൊടുവള്ളി, കിഴക്കോത്ത് , മടവൂര്‍, നരിക്കുനി,  കട്ടിപ്പാറ, താമരശ്ശേരി, ഓമശ്ശേരി  എന്നീ ഏഴു പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്ന കൊടുവള്ളി നിയമ സഭാ നിയോജക മണ്ഡലം യു ഡി എഫിന്റെ ശക്തി കേന്ദ്രമാണ്. പ്രദേശത്തിന്റെ നാനാ വിധ പുരോഗതികളില്‍, ഇ അഹമ്മദ് സാഹിബും, മര്‍ഹൂം പി.വി മുഹമ്മദ്‌ സാഹിബും, മര്‍ഹൂം പി.എം അബു ബക്കര്‍ സാഹിബും, സി മോയിന്‍ കുട്ടി സാഹിബ്, സി മമ്മുട്ടി  തുടങ്ങി  മണ്ഡലത്തെ പ്രതിനിധീകരിച്ച മുസ്ലിം ലീഗ് നേതാക്കളുടെ കയ്യൊപ്പുകാണാം. വി.എം ഉമര്‍ മാസ്റ്ററാണ്  ഇപ്പോള്‍ കൊടുവള്ളി മണ്ഡലം എം.എല്‍.എ. 
        ഹരിത രാഷ്ട്രീയത്തിന്റെ സമത്വ സുന്ദരമായ സ്നേഹ സാന്ത്വന സ്പര്‍ശമായി കേരള മുസ്ലിം കള്‍ച്ചറല്‍ സെന്റര്‍ പ്രവാസ ലോകത്തെങ്ങും നിറഞ്ഞു നില്‍ക്കുമ്പോള്‍ .. വിശുദ്ധ ഗേഹങ്ങളുടെ കവാട നഗരിയായ ജിദ്ദ മഹാ നഗരത്തില്‍ കൊടുവള്ളി മണ്ഡലം ജിദ്ദാ കെ.എം.സി.സി പ്രവര്‍ത്തകര്‍ കര്‍മ നിരതരാണ്.